കടത്തിൽ ആകാതിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു
അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അയൽക്കാരനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ. (റോമർ 13:8)
കടം അടിമത്തത്തോട് ഉപമിച്ചിരിക്കുന്നു
ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ. (സദൃശവാക്യങ്ങൾ 22:7)
മനുഷ്യർക്ക് അടിമകളാകരുതെന്ന് കല്പിച്ചിരിക്കുന്നു
നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്. (1 കൊരിന്ത്യർ 7:23)
കടത്തിന്റെ ദുരിതത്തിന്റെ ഉദാഹരണങ്ങൾ
അങ്ങനെ ദാവീദ് അവിടെനിന്ന് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതുകേട്ട് അവന്റെ അടുക്കൽ ചെന്നു. പീഡിതർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നിവർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്ക് നായകനായി; അവനോടുകൂടെ ഏകദേശം നാനൂറ് പേർ ഉണ്ടായിരുന്നു. (1 ശമൂവേൽ 22:1-2)
പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോടു നിലവിളിച്ചു പറഞ്ഞത്: “നിന്റെ ദാസനായിരുന്ന എന്റെ ഭർത്താവ് മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; എന്റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു.” (2 രാജാക്കന്മാർ 4:1)
ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി ഉയർത്തി: “ഞങ്ങളും ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും വളരെയധികം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ഉപജീവനത്തിന് ധാന്യം ആവശ്യമായിരിക്കുന്നു” എന്ന് ചിലരും “ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയപ്പെടുത്തി ഈ ക്ഷാമകാലത്ത് ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു” എന്ന് മറ്റുചിലരും “ഞങ്ങളുടെ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും ഉള്ള രാജനികുതി കൊടുക്കണ്ടതിന് ഞങ്ങൾ പണം കടംമേടിച്ചിരിക്കുന്നു; ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി കൊടുക്കേണ്ടിവരുന്നു. ഞങ്ങളുടെ പുത്രിമാരിൽ ചിലർ ഇപ്പോഴേ അടിമകളായിരിക്കുന്നു; ഞങ്ങൾക്ക് വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യരുടെ പക്കൽ ആയിരിക്കുന്നു” എന്നു വേറെ ചിലരും പറഞ്ഞു. (നെഹെമ്യാവ് 5:1-5)
കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ. (സങ്കീർത്തനങ്ങൾ 109:11)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു. (യെശയ്യാവ് 50:1)
കടമില്ലാതിരിക്കുന്നത് നല്ലതായിരുന്നു
എന്റെ അമ്മേ, സർവ്വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു. (യിരെമ്യാവ് 15:10)
കടം ഒരു ശാപമായി കരുതപ്പെട്ടു
“എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കതെയിരുന്നാൽ ഈ ശാപം ഒക്കെയും നിനക്കു വന്നുഭവിക്കും: “നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും. അവർ നിനക്കു വായ്പ് തരും; അവനു വായ്പ് കൊടുക്കുവാൻ നിനക്കു ഉണ്ടാകുകയില്ല; അവൻ തലയും നീ വാലുമായിരിക്കും. “നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അവൻ നിന്നോട് കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം എല്ലാം നിന്റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കുകയും ചെയ്യും. (ആവർത്തനപുസ്തകം 28:15, 43-45)
കടമില്ലാതിരിക്കുന്നത് ഒരു അനുഗ്രഹമായി കരുതപ്പെട്ടു
”ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാവുകയില്ല; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജനതകൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജനതകളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കുകയില്ല. (ആവർത്തനപുസ്തകം 15:4-6)
“നിന്റെ ദൈവമായ യഹോവയുടെ വാക്ക് ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉയർത്തും. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു ലഭിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; തക്കസമയത്ത് നിന്റെ ദേശത്തിന് മഴ തരുവാനും നിന്റെ സകല പ്രയത്നത്തെയും അനുഗ്രഹിക്കുവാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ് കൊടുക്കും; എന്നാൽ നീ വായ്പ് വാങ്ങുകയില്ല. (ആവർത്തനപുസ്തകം 28:1-2, 12)
കടം വീട്ടൽ
ദൈവഭക്തർ കടം വീട്ടുന്നു
നന്മ ചെയ്യുവാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്. നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം” എന്നു പറയരുത്. (സദൃശവാക്യങ്ങൾ 3:27-28)
ദുഷ്ടന്മാർ കടം വീട്ടുന്നില്ല
ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. (സങ്കീർത്തനങ്ങൾ 37:21)
കടത്തിൽനിന്ന് പുറത്തുവരാൻ കർത്താവിന് അമാനുഷികമായി വിഭവങ്ങൾ നൽകാൻ കഴിയും
പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോടു നിലവിളിച്ചു പറഞ്ഞത്: “നിന്റെ ദാസനായിരുന്ന എന്റെ ഭർത്താവ് മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; എന്റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു.” എലീശ അവളോട്: “ഞാൻ നിനക്കു എന്തു ചെയ്തു തരേണം എന്നു പറയുക; വീട്ടിൽ നിനക്കു എന്താണുള്ളത്?” എന്നു ചോദിച്ചു. “ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല” എന്നു അവൾ പറഞ്ഞു. അതിന് അവൻ: “നീ ചെന്നു നിന്റെ അയല്ക്കാരോടു ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച്, ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്നു പറഞ്ഞു. അവൾ അവനെ വിട്ടു വീട്ടിൽ ചെന്നു തന്റെ മക്കളോടുകൂടെ അകത്ത് കടന്നു വാതിൽ അടച്ചു; മക്കൾ അവൾക്കു പാത്രങ്ങൾ കൊടുക്കുകയും അവൾ അവയിലേക്കു എണ്ണ പകരുകയും ചെയ്തു. പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരിക” എന്നു പറഞ്ഞു. അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. അവൾ ചെന്നു ദൈവപുരുഷനോട് ഈ കാര്യം അറിയിച്ചു. “നീ പോയി ഈ എണ്ണ വിറ്റ് കടം വീട്ടുക. മിച്ചമുള്ള പണം കൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്ളുക” എന്നു പറഞ്ഞു. (2 രാജാക്കന്മാർ 4:1-7)
ഏഴാം ആണ്ടുതോറുമുള്ള കടമോചനം – പഴയനിയമ വിശ്വാസികൾക്കുള്ള നിയമം
”ഏഴു വർഷത്തിൽ ഒരിക്കൽ നീ ഒരു വിമോചനം ആചരിക്കേണം. വിമോചനത്തിൻ്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന് വായ്പ കൊടുത്തവരെല്ലാം അത് ഇളച്ച് കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ട് നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുത്. അന്യജാതിക്കാരനോട് നിനക്കു ബുദ്ധിമുട്ടിച്ച് പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളത് നീ ഇളച്ചുകൊടുക്കേണം. ”ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാവുകയില്ല; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജനതകൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജനതകളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കുകയില്ല. ”നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതെങ്കിലും പട്ടണത്തിൽ ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അവന്റെനേരെ നിന്റെ ഹൃദയം കഠിനമാക്കാതെ, നിന്റെ കൈ അവനുവേണ്ടി തുറന്ന് അവന്റെ ബുദ്ധിമുട്ടിന് ആവശ്യമായ വായ്പ കൊടുക്കേണം. വിമോചനവർഷമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നു നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദ്ദയമായിരിക്കുകയും അവനു ഒന്നും കൊടുക്കാതെ ഇരിക്കുകയും ചെയ്താൽ അവൻ നിനക്കു വിരോധമായി യഹോവയോട് നിലവിളിച്ചിട്ട് അത് നിനക്കു പാപമായി തീരാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നീ അവനു കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്ത് അറ്റുപോവുകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. (ആവർത്തനപുസ്തകം 15:1-11)
മോശെ അവരോട് കല്പിച്ചതെന്തെന്നാൽ: “ഏഴു വര്ഷം കൂടുമ്പോൾ ഉള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുനാളിൽ യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാവരും കേൾക്കത്തക്കവണ്ണം അവരുടെ മുമ്പിൽ വായിക്കേണം. (ആവർത്തനപുസ്തകം 31:10-11)
“ദേശത്തിലെ ജനതകൾ ശബ്ബത്തുനാളിൽ ഏതെങ്കിലും കച്ചവടസാധനങ്ങളോ ഭക്ഷണസാധനങ്ങളോ വിൽക്കുവാൻ കൊണ്ടുവന്നാൽ ഞങ്ങൾ അത് ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോട് വാങ്ങുകയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു. (നെഹെമ്യാവ് 10:31)
കടം വീട്ടലിന്റെ മറ്റൊരു ഉദാഹരണം
അവൻ നിന്നോട് വല്ലതും അന്യായം ചെയ്യുകയോ കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണ്ടതില്ലല്ലോ. (ഫിലേമോൻ 18-19)
ഉപദേശത്തിൽ ദൃഷ്ടാന്തമായി ഉപയോഗിച്ച കടം
യേശുക്രിസ്തുവിന്റെ ഉപദേശം
അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: “കർത്താവേ, സഹോദരൻ എത്രവട്ടം എനിക്കെതിരായി പാപം ചെയ്താൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ“ എന്നു ചോദിച്ചു. യേശു അവനോട്: ഏഴുവട്ടമല്ല, ഏഴു എഴുപത് വട്ടം എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനു വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു. അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോട് ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു. ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശ് കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്ക് പിടിച്ച് ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു. അവന്റെ കൂട്ടുദാസൻ: നിലത്തുവീണു എന്നോട് ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോട് അപേക്ഷിച്ചു. എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ട് വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു. യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കുകയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ. എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും. (മത്തായി 18:21-35)
യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ”ഗുരോ, പറഞ്ഞാലും” എന്നു അവൻ പറഞ്ഞു. കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു. കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? ”അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു” എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു. (ലൂക്കോസ് 7:40-43)
പൗലൊസിന്റെ ഉപദേശം
നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു; (കൊലൊസ്സ്യർ 2:14)
ജാമ്യം നിൽക്കൽ (ഉത്തരവാദിത്തം ഏൽക്കൽ / കൈയടിച്ച് ഉറപ്പുകൊടുക്കൽ)
ജാമ്യം നിൽക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു
ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. (സദൃശവാക്യങ്ങൾ 17:18)
അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. (സദൃശവാക്യങ്ങൾ 20:16)
അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്ളുക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക. (സദൃശവാക്യങ്ങൾ 27:13)
ജാമ്യം നിൽക്കുന്നത് അപകടകരമാണ്
അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. (സദൃശവാക്യങ്ങൾ 11:15)
നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന് ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട് നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്? (സദൃശവാക്യങ്ങൾ 22:26-27)
ജാമ്യത്തിൽനിന്നുള്ള വിടുതൽ
മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി. ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. നിന്റെ കണ്ണിന് ഉറക്കവും നിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക, (സദൃശവാക്യങ്ങൾ 6:1-5)