കർത്താവ് മുഖപക്ഷം കാണിക്കുന്നില്ല
“നിങ്ങളുടെ ദൈവമായ യഹോവ ദൈവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലയോ; അവൻ മുഖപക്ഷം കാണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല. (ആവർത്തനപുസ്തകം 10:17)
ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.” (2 ദിനവൃത്താന്തം 19:7)
അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ. (ഇയ്യോബ് 34:19)
അങ്ങനെ തന്നെ യജമാനന്മാരേ, നിങ്ങളും ഇതേ രീതിയിൽ തന്നെ ദാസന്മാരോട് പെരുമാറുവിൻ. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും ദൈവത്തിന് മുഖപക്ഷം ഇല്ലെന്നും അറിയുവിൻ. (എഫെസ്യർ 6:9)
നാം മുഖപക്ഷം കാണിക്കരുത്
പക്ഷപാതം കാണിക്കുന്നത് നല്ലതല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും. (സദൃശവാക്യങ്ങൾ 28:21)
മുഖപക്ഷം കാണിക്കുന്നത് പാപമാണ്
എന്നാൽ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിൻപ്രകാരമുള്ള രാജകീയ ന്യായപ്രമാണം നിങ്ങൾ നിവർത്തിയ്ക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. (യാക്കോബ് 2:8-9)
ധനികരോട് പക്ഷപാതം കാണിക്കരുത്
എന്റെ സഹോദരന്മാരേ, തേജസ്സുള്ളവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രവും പൊന്മോതിരവും ധരിച്ചുകൊണ്ട് ഒരുവനും, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും വന്നാൽ, നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ ഇരുന്നാലും എന്നും, ദരിദ്രനോട്: നീ അവിടെ നിൽക്കുക; അല്ലെങ്കിൽ എന്റെ പാദപീഠത്തിൽ ഇരിക്കുക എന്നും പറയുന്നു എങ്കിൽ, നിങ്ങൾ നിങ്ങളുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കുകയും ദുഷ്ടവിചാരത്തോടെ വിധിക്കുകയും അല്ലയോ ചെയ്യുന്നത്? എന്റെ പ്രിയ സഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനവാന്മാർ അല്ലയോ നിങ്ങളെ പീഢിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ കോടതികളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്? നിങ്ങളുടെമേൽ വിളിക്കപ്പെട്ടിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നത്? എന്നാൽ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിൻപ്രകാരമുള്ള രാജകീയ ന്യായപ്രമാണം നിങ്ങൾ നിവർത്തിയ്ക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. (യാക്കോബ് 2:1-9)
ദരിദ്രരോട് പക്ഷപാതം കാണിക്കരുത്
ദരിദ്രന്റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്. (പുറപ്പാട് 23:3)
“ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവൻ്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം. (ലേവ്യപുസ്തകം 19:15)
നേതാക്കളും ന്യായാധിപന്മാരും മുഖപക്ഷം കാണിക്കരുത്
ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവൻ്റെ കാര്യവും വലിയവൻ്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതാണല്ലോ? നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അത് ഞാൻ തീർക്കാം. (ആവർത്തനപുസ്തകം 1:17)
”നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യേണം. ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു. (ആവർത്തനപുസ്തകം 16:18-19)
അവരോട് പറഞ്ഞത്: “നിങ്ങൾ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു. ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.” (2 ദിനവൃത്താന്തം 19:6-7)
മുഖപക്ഷം കാണിച്ചാൽ ശാപം
“അങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാനും നിങ്ങളെ സകലജനത്തിനും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.” (മലാഖി 2:9)
ശരിയായ മനോഭാവങ്ങൾ
അന്യോന്യം ഒരേ മനസ്സുള്ളവരായിരിക്കുക
തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്. (റോമർ 12:16)
മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുക
സ്വാർത്ഥതയാലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ, താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊള്ളുവിൻ. (ഫിലിപ്പ്യർ 2:3)