ദരിദ്രരെ പീഡിപ്പിക്കരുതെന്ന് കല്പിച്ചിരിക്കുന്നു
പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീമിൽ പരദേശികൾ ആയിരുന്നുവല്ലോ. “വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും. (പുറപ്പാട് 22:21-24)
അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും ദൈവത്തിന്റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ. (ഇയ്യോബ് 34:28)
അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു. (സദൃശവാക്യങ്ങൾ 28:3)
ദുഷ്ടന്മാർ ദരിദ്രരെ പീഡിപ്പിക്കുന്നു
ഭോഷൻ ഭോഷത്തം സംസാരിക്കും; വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും. ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു. (യെശയ്യാവ് 32:6-7)
ദരിദ്രരെ പീഡിപ്പിക്കുന്നവരുടെ വിവരണം
അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. (സദൃശവാക്യങ്ങൾ 28:15)
എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ! (സദൃശവാക്യങ്ങൾ 30:14)
ദരിദ്രരെ പീഡിപ്പിക്കുന്നവരുടെമേലുള്ള ന്യായവിധി
അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും. (ഇയ്യോബ് 20:10)
അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. (ഇയ്യോബ് 20:15)
തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല. അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചു ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു. ”അവന്റെ കൊതിക്കു മതിവരാത്തതുകൊണ്ട് അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല. (ഇയ്യോബ് 20:18-20)
അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; (ഇയ്യോബ് 20:26)
അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും. (ഇയ്യോബ് 20:28)
എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. (സങ്കീർത്തനങ്ങൾ 37:14-15)
കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ. (സങ്കീർത്തനങ്ങൾ 109:11)
അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. (സങ്കീർത്തനങ്ങൾ 109:16)
ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും. (സദൃശവാക്യങ്ങൾ 22:16)
എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. (സദൃശവാക്യങ്ങൾ 22:22-23)
യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്; എന്റെ ജനത്തെ തകർത്തുകളയുവാനും എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു. (യെശയ്യാവ് 3:14-15)
ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ അവർക്ക് കൊള്ളയായിത്തീരുവാനും അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! (യെശയ്യാവ് 10:1-2)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്കുക: “ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും, നിന്റെ ഭൃത്യന്മാരും, ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്ളുവിൻ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്ന് വിടുവിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്ക്കാരവും ചെയ്യരുത്; ഈ സ്ഥലത്ത് കുറ്റമില്ലാത്ത രക്തം ചൊരിയുകയുമരുത്. നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും. ഈ വചനം കേട്ടനുസരിക്കുകയില്ലെങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്ന് ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു” എന്നു യഹോവയുടെ അരുളപ്പാടു. (യിരെമ്യാവ് 22:1-5)
നിന്റെ നടുവിൽ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു. (യെഹെസ്കേൽ 22:7)
ദേശത്തിലെ ജനം പീഢനം ചെയ്യുകയും പിടിച്ചുപറിക്കുകയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കുകയും പരദേശിയെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു. (യെഹെസ്കേൽ 22:29)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു. (ആമോസ് 2:6-7)
എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും സ്വന്തം ഭർത്താക്കന്മാരോട്: “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളേ, ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾക്കുവിൻ. “ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും” എന്ന് യഹോവയായ കർത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. (ആമോസ് 4:1-2)
അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം ബലവാന്റെ മേൽ നാശം പെയ്യിക്കുന്നു. ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; അതിൽ പാർക്കുകയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും; നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു. (ആമോസ് 5:9-12)
”ഞങ്ങൾ ഏഫയെ കുറച്ച്, ശേക്കലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, എളിയവരെ പണത്തിനും, ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും പകരമായി വാങ്ങേണ്ടതിനും, ഗോതമ്പിന്റെ പതിര് വില്ക്കേണ്ടതിനും, ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവെക്കുവാൻ തക്കവിധം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്, ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇത് കേൾക്കുവിൻ. (ആമോസ് 8:4-6)
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ അവനവന്റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കുകയും അരുത്.’ എന്നാൽ ചെവികൊടുക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാത്തവിധം ചെവി പൊത്തിക്കളയുകയും ചെയ്തു. അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാത്തവിധം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു. (സെഖര്യാവ് 7:9-12)
“ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. (മലാഖി 3:5)
ദരിദ്രരുടെ പീഡനത്തെ ന്യായം വിധിക്കാൻ കർത്താവിനോടുള്ള അപേക്ഷ
ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യേണമേ. (സങ്കീർത്തനങ്ങൾ 94:2)
അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു. (സങ്കീർത്തനങ്ങൾ 94:6)
“യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്നു അവർ പറയുന്നു. (സങ്കീർത്തനങ്ങൾ 94:7)
ദരിദ്രരെ പീഡിപ്പിച്ചതിന്റെ ഉദാഹരണം
നിന്റെ ഉടുപ്പിൻ്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും.” (യിരെമ്യാവ് 2:34)
മതഭക്തർ ദരിദ്രരെ പീഡിപ്പിക്കുന്നു
അവൻ തന്റെ ഉപദേശത്തിൽ അവരോട്: നീണ്ട അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും മനുഷ്യർ കാണേണ്ടതിന് നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു. (മർക്കൊസ് 12:38-40)
നിലയങ്കികളോടെ നടക്കുവാൻ ആഗ്രഹിക്കുകയും അങ്ങാടിയിൽ വന്ദനവും പള്ളിയിലും അത്താഴത്തിലും പ്രധാനസ്ഥലവും ഇഷ്ടപ്പെടുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും. (ലൂക്കോസ് 20:46-47)
ദരിദ്രരെ പീഡിപ്പിക്കുന്നത് സാധാരണമാണ്
ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. (സഭാപ്രസംഗി 5:8)
ദരിദ്രരെയും നിസ്സഹായരെയും സംരക്ഷിക്കുക / സഹായിക്കുക
ഊമനു വേണ്ടി നിന്റെ വായ് തുറക്കുക; ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ. നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക. (സദൃശവാക്യങ്ങൾ 31:8-9)
നന്മ ചെയ്യുവാൻ പഠിക്കുവിൻ; ന്യായം അന്വേഷിക്കുവിൻ; പീഡിതനെ സഹായിക്കുവിൻ; അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. (യെശയ്യാവ് 1:17)
“ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം ആർക്കും കെടുത്താനാകാത്തവിധം, എന്റെ ക്രോധം തീപോലെ പുറപ്പെട്ടു കത്താതെയിരിക്കേണ്ടതിന് നിങ്ങൾ രാവിലെതോറും ന്യായം പാലിക്കുകയും കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യുവിൻ. (യിരെമ്യാവ് 21:12)
ദൈവഭക്തർ ദരിദ്രരെ സഹായിക്കുന്നു
നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല. (സദൃശവാക്യങ്ങൾ 29:7)
കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ? (ഇയ്യോബ് 30:25)
ദരിദ്രരെ സഹായിക്കുന്നവരെ കർത്താവ് അനുഗ്രഹിക്കുന്നു
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് അവിടുന്ന് അവനെ ഏല്പിച്ചു കൊടുക്കുകയില്ല. യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും. (സങ്കീർത്തനങ്ങൾ 41:1-3)
എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും. (സദൃശവാക്യങ്ങൾ 19:17)
ദരിദ്രരെ സഹായിച്ച ഭരണാധികാരിയെ അനുഗ്രഹിക്കുന്നു
അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. (സദൃശവാക്യങ്ങൾ 29:14)
നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. “നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു. (യിരെമ്യാവ് 7:5-9)
ദരിദ്രരെ പോഷിപ്പിക്കുക, കർത്താവ് പകരം നൽകും
തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ബന്ധുക്കളേയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്കു പ്രത്യുപകാരം ചെയ്യും. അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്വാൻ അവർക്ക് കഴിവില്ല; അതുകൊണ്ട് നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും. അവനോട് കൂടെ വിരുന്നിലിരുന്നവരിൽ ഒരുവൻ ഇതു കേട്ടിട്ടു: ”ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ” എന്നു അവനോട് പറഞ്ഞു. അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം തയ്യാറായി; വരുവിൻ എന്നു പറയിച്ചു. എല്ലാവരും ഒരുപോലെ ഒഴികഴിവ് പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം വാങ്ങിയതിനാൽ അത് ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. മറ്റൊരുത്തൻ: ഞാൻ അഞ്ചു ജോടി കാളയെ വാങ്ങിച്ചിട്ടുണ്ട്; എനിക്ക് അവയെ നോക്കാൻ പോകേണം; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; എനിക്ക് വരുവാൻ സാധ്യമല്ല എന്നു പറഞ്ഞു. ആ ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും തെരുവുകളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. പിന്നെ ദാസൻ: യജമാനനേ, കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു. യജമാനൻ ദാസനോട്: നീ പട്ടണത്തിന് വെളിയിലേക്ക് പോയി എല്ലാ പ്രധാന വഴികളിലും പോയി, എന്റെ വീടുനിറയേണ്ടതിന് കാണുന്നവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക. (ലൂക്കോസ് 14:12-23)
ദരിദ്രർക്ക് നീതിയോടെ ന്യായം വിധിക്കുക
ദരിദ്രന്റെ വ്യവഹാരത്തിൽ അവനു നീതി നിഷേധിക്കരുത്. (പുറപ്പാട് 23:6)
പരദേശിയുടെയും അനാഥൻ്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. (ആവർത്തനപുസ്തകം 24:17)
ദരിദ്രരോട് കരുണ കാണിക്കുക
തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടിയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ല് തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നുവെന്ന് തിരുമനസ്സുകൊണ്ട് അറിയുന്നതുവരെ ഏഴുകാലം കഴിയും. വൃക്ഷത്തിന്റെ തായ് വേര് ശേഷിപ്പിക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നത് സ്വർഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ട് ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്ക് സ്ഥിരമാകും എന്നത്രെ. ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്ക് പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളും ദരിദ്രന്മാരോട് കരുണ കാണിക്കുന്നതിനാൽ അകൃത്യങ്ങളും പരിഹരിച്ചുകൊള്ളുക; ഒരുപക്ഷെ തിരുമനസ്സിലെ സുഖകാലം ദീർഘമായേക്കും.” (ദാനീയേൽ 4:25-27)
ദരിദ്രരെ സംരക്ഷിക്കാത്തവർ ന്യായം വിധിക്കപ്പെടും
കൂട്ടിൽ പക്ഷികൾ നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു. അവർ പുഷ്ടിവച്ചു മിനുത്തിരിക്കുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്ക് ന്യായപാലനം ചെയ്യുന്നതുമില്ല. ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” എന്നു യഹോവയുടെ അരുളപ്പാടു. (യിരെമ്യാവ് 5:27-29)
സൊദോമിന്റെ പാപം, ദരിദ്രരെ സഹായിക്കാഞ്ഞത്
“നിന്റെ സഹോദരിയായ സൊദോമിൻ്റെ അകൃത്യമോ: ഗർവ്വവും അമിതഭക്ഷണവും അലസജീവിതവും തന്നെ. അത് അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല. (യെഹെസ്കേൽ 16:49)
ദരിദ്രരെ സംരക്ഷിക്കാത്ത ഭരണാധികാരിയുടെ ഉദാഹരണം
നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; അവർ എല്ലാവരും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. (യെശയ്യാവ് 1:23)
നാം ദരിദ്രരോട് പെരുമാറുന്ന വിധം കർത്താവിനോടുള്ള നമ്മുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നു
എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. (സദൃശവാക്യങ്ങൾ 14:31)
ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. (സദൃശവാക്യങ്ങൾ 17:5)
ദരിദ്രരോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ പങ്ക്
കർത്താവ് ദരിദ്രർക്കും ആവശ്യക്കാർക്കും കരുതുന്നു, അവരെ സംരക്ഷിക്കുന്നു
അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവനു ഭക്ഷണവും വസ്ത്രവും നല്കുന്നു. (ആവർത്തനപുസ്തകം 10:18)
അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു. (ഇയ്യോബ് 5:15)
ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല. (സങ്കീർത്തനങ്ങൾ 9:18)
അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം അങ്ങേയുടെ കൈകളിൽ ഏല്പിക്കുന്നു; അനാഥന് അവിടുന്ന് സഹായി ആകുന്നു. (സങ്കീർത്തനങ്ങൾ 10:14)
“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. (സങ്കീർത്തനങ്ങൾ 12:5)
ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. (സങ്കീർത്തനങ്ങൾ 34:6)
“യഹോവേ, അങ്ങേക്കു തുല്യൻ ആര്? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്റെ അസ്ഥികൾ എല്ലാം പറയും. (സങ്കീർത്തനങ്ങൾ 35:10)
ഞാൻ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; അവിടുന്ന് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ. (സങ്കീർത്തനങ്ങൾ 40:17)
ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവിടുന്ന് ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും. (സങ്കീർത്തനങ്ങൾ 68:6)
അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, അങ്ങേയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു. (സങ്കീർത്തനങ്ങൾ 68:10)
യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; (സങ്കീർത്തനങ്ങൾ 69:33)
ജനതകൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങേയുടെ മഹത്വത്തെയും ഭയപ്പെടും. (സങ്കീർത്തനങ്ങൾ 102:17)
അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. (സങ്കീർത്തനങ്ങൾ 107:4)
ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ ദൈവം ബലഹീനന്റെ വലത്തുഭാഗത്തു നില്ക്കുന്നു. (സങ്കീർത്തനങ്ങൾ 109:31)
ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; (സങ്കീർത്തനങ്ങൾ 113:7)
അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും. (സങ്കീർത്തനങ്ങൾ 132:15)
യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. (സങ്കീർത്തനങ്ങൾ 140:12)
പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. (സങ്കീർത്തനങ്ങൾ 146:7)
യഹോവ പരദേശികളെ പരിപാലിക്കുന്നു; കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു. (സങ്കീർത്തനങ്ങൾ 146:9)
യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. (സങ്കീർത്തനങ്ങൾ 147:6)
അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും. (സദൃശവാക്യങ്ങൾ 15:25)
അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. (യെശയ്യാവ് 11:4)
എളിയവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും. (യെശയ്യാവ് 14:30)
ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. (യെശയ്യാവ് 25:4)
എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല. (യെശയ്യാവ് 41:17)
യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിക്കുവിൻ! അവിടുന്ന് ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു. (യിരെമ്യാവ് 20:13)
ദരിദ്രരെ സഹായിക്കാൻ കർത്താവിനോടുള്ള പ്രാർത്ഥന
ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ പ്രാണന് അവന് വിലയേറിയതായിരിക്കും. അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും; അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. (സങ്കീർത്തനങ്ങൾ 72:4, 10, 12-15)
പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ. (സങ്കീർത്തനങ്ങൾ 74:21)
എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ. (സങ്കീർത്തനങ്ങൾ 82:3-4)
കർത്താവായ യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നോട് ചെയ്യേണമേ; അങ്ങേയുടെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കേണമേ. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു. (സങ്കീർത്തനങ്ങൾ 109:21-22)
ദൈവത്തിന്റെ പങ്കിനെയും ദരിദ്രരെയും കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാട്
ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു. ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു; ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു. ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു. മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു; അവരുടെ മക്കൾക്കുള്ള ആഹാരം അവര്ക്ക് ശൂന്യപ്രദേശത്ത് ലഭിക്കുന്നു. അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല. അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു. “ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു കുട്ടികളെ പണയം വാങ്ങുന്നു. അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു. ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു. പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവം അവരുടെ പ്രാര്ത്ഥന ശ്രദ്ധിക്കുന്നില്ല കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. (ഇയ്യോബ് 24:2-12, 14)
ദരിദ്രരെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട്
ഞാൻ നിന്റെ പ്രവൃത്തിയും കഷ്ടതയും ദാരിദ്ര്യവും — നീ സമ്പന്നനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ലാത്ത, സാത്താനെ അനുസരിക്കുന്നവരുടെ കൂട്ടരായ പള്ളിക്കാരായവരുടെ ദൈവദൂഷണവും അറിയുന്നു. (വെളിപ്പാട് 2:9)
ഞാൻ ധനവാൻ; എനിക്ക് ഭൗതിക സ്വത്തുക്കൾ ധാരാളം ഉണ്ട്. എനിക്ക് ഒന്നുംതന്നെ ആവശ്യം ഇല്ല എന്നു നീ പറയുന്നതുകൊണ്ടും; നീ ഏറ്റവും ദുരിതപൂർണ്ണനും ഗതികെട്ടവനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയായ്കകൊണ്ടും; നീ സമ്പന്നൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നത വെളിവാകാതവണ്ണം ധരിക്കേണ്ടതിന് തിളങ്ങുന്ന ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കേണ്ടതിന് കണ്ണിൽ പുരട്ടുവാൻ ലേപവും എന്നോട് വിലയ്ക്കുവാങ്ങുക എന്ന എന്റെ ഉപദേശം കേൾക്കുക. (വെളിപ്പാട് 3:17-18)
ബലവാന്മാരെ ലജ്ജിപ്പിക്കാൻ കർത്താവ് ബലഹീനരെ തിരഞ്ഞെടുത്തു
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകത്തിന്റെ മാനദണ്ഡപ്രകാരം നിങ്ങളിൽ ജ്ഞാനികൾ ഏറെയില്ല; ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്റെ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്റെ ബലഹീനമായത് തിരഞ്ഞെടുത്തു. (1 കൊരിന്ത്യർ 1:26-27)
കർത്താവ് എല്ലാ മനുഷ്യരെയും സൃഷ്ടിച്ചു
ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരുടെ സ്രഷ്ടാവ് യഹോവ തന്നെ. (സദൃശവാക്യങ്ങൾ 22:2)
ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 29:13)
ദരിദ്രരെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാട്
മൂഢനെക്കാൾ ജ്ഞാനിക്ക് എന്ത് വിശേഷതയുള്ളു? പരിജ്ഞാനത്തോടെ ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്ന സാധുവിന് എന്ത് വിശേഷതയുള്ളു? (സഭാപ്രസംഗി 6:8)
ദരിദ്രരുടെ പ്രശ്നങ്ങളും പ്രയോജനങ്ങളും
ദരിദ്രരുടെ പ്രശ്നങ്ങൾ
ദരിദ്രർക്ക് സ്നേഹിതർ കുറവാണ്
ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. (സദൃശവാക്യങ്ങൾ 14:20)
സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. (സദൃശവാക്യങ്ങൾ 19:4)
ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. (സദൃശവാക്യങ്ങൾ 19:7)
ദരിദ്രർ അനീതി അനുഭവിക്കുന്നു
സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും. (സദൃശവാക്യങ്ങൾ 13:23)
ദരിദ്രർ ധനികരോട് വിനീതമായി പെരുമാറുന്നു
ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. (സദൃശവാക്യങ്ങൾ 18:23)
ദരിദ്രർ ധനികരെ സേവിക്കുന്നു
ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ. (സദൃശവാക്യങ്ങൾ 22:7)
ദരിദ്രർ അവഗണിക്കപ്പെടുന്നു
ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു. എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല. “ജ്ഞാനം ശക്തിയേക്കാൾ നല്ലതു തന്നെ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല” എന്നു ഞാൻ പറഞ്ഞു. (സഭാപ്രസംഗി 9:14-16)
ദാരിദ്ര്യം
ധനവാന് തന്റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. (സദൃശവാക്യങ്ങൾ 10:15)
ദരിദ്രനാകാതിരിക്കാനുള്ള പ്രാർത്ഥന
രണ്ടു കാര്യം ഞാൻ അങ്ങേയോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ; വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്? എന്നു അങ്ങയെ നിഷേധിക്കുവാനും ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ. (സദൃശവാക്യങ്ങൾ 30:7-9)
ദരിദ്രർക്കുള്ള പ്രയോജനങ്ങൾ
ദരിദ്രരെ ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നു
അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. (ലൂക്കോസ് 6:20)
എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ. (ലൂക്കോസ് 6:24)
ദരിദ്രർ വിശ്വാസത്തിൽ സമ്പന്നരാണ്
എന്റെ പ്രിയ സഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. (യാക്കോബ് 2:5)
ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു
എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും (യെശയ്യാവ് 61:1)
യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു: “വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ?“ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു. യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ജീവനിലേക്ക് ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ. (മത്തായി 11:2-5)
ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്; തടവുകാർക്ക് വിടുതലും, അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും, (ലൂക്കോസ് 4:18)
കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ. (ലൂക്കോസ് 7:22)
സമ്പത്തിനുവേണ്ടി ദരിദ്രരെ തട്ടിക്കൊണ്ടുപോകുകയില്ല
മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല. (സദൃശവാക്യങ്ങൾ 13:8)
കർത്താവിനെ അറിയുന്ന ദരിദ്രർ സ്വർഗത്തിൽ ആശ്വസിപ്പിക്കപ്പെടും
ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു. ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്റെ ശരീരം മുഴുവൻ വ്രണങ്ങൾ നിറഞ്ഞിരുന്നു. അവൻ ധനവാന്റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത് ധനവാന്റെ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിൻ്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. (ലൂക്കോസ് 16:19-25)
ദരിദ്രർക്ക് ദൈവമക്കളായി പ്രശംസിക്കാം
ദരിദ്രസഹോദരൻ തന്റെ ഉന്നതസ്ഥാനത്തിലും, ധനവാനോ പുല്ലിൻ്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. (യാക്കോബ് 1:9-10)
യിസ്രായേലിന്റെ പുനഃസ്ഥാപനകാലത്ത് ദരിദ്രർക്ക് പ്രയോജനമുണ്ടാകും
സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കുകയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. (യെശയ്യാവ് 29:19)
ജ്ഞാനിയായ ദരിദ്രൻ ധനികനെ മനസ്സിലാക്കുന്നു
ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതി അവനെ ശോധനചെയ്യുന്നു. (സദൃശവാക്യങ്ങൾ 28:11)
ദാരിദ്ര്യം ഇവയെക്കാൾ ഭേദം
വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. (സദൃശവാക്യങ്ങൾ 19:1)
ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ. (സദൃശവാക്യങ്ങൾ 19:22)
തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. (സദൃശവാക്യങ്ങൾ 28:6)
ദരിദ്രരുടെ ഉദാഹരണങ്ങൾ
ശൗലിന്റെ ഭൃത്യന്മാർ ആ കാര്യം ദാവീദിനോട് പറഞ്ഞു. അപ്പോൾ ദാവീദ്: “രാജാവിന്റെ മരുമകനാകുന്നത് നിസ്സാരമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ” എന്നു പറഞ്ഞു. (1 ശമൂവേൽ 18:23)
ഞാൻ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; അങ്ങ് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ. (സങ്കീർത്തനങ്ങൾ 70:5)
ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു. (സങ്കീർത്തനങ്ങൾ 86:1)
അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു; “യഹോവേ, നോക്കേണമേ ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.” (വിലാപങ്ങൾ 1:11)
മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. (ലൂക്കോസ് 2:22-24)
ഈ സമയംവരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടുംവണ്ണം വസ്ത്രം ധരിക്കുവാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു. സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്ക് പറയുന്നു. (1 കൊരിന്ത്യർ 4:11-12)
സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി ഏൽപ്പിക്കുന്നു; ബഹുസഹിഷ്ണുതയിലും, കഷ്ടതയിലും, ബുദ്ധിമുട്ടിലും, സങ്കടത്തിലും, തല്ലിലും, തടവിലും, കലഹത്തിലും, അദ്ധ്വാനത്തിലും, ഉറക്കിളപ്പിലും, പട്ടിണിയിലും, നിർമ്മലതയാലും, പരിജ്ഞാനത്താലും, സന്തോഷിക്കുന്നവർ എങ്കിലും ദുഃഖിതരായി, പലരെയും സമ്പന്നർ ആക്കുന്നവർ എങ്കിലും ദരിദ്രരായി, എല്ലാം കൈവശമുള്ളവരെങ്കിലും ഒന്നും ഇല്ലാത്തവർ ആയിത്തന്നെ. (2 കൊരിന്ത്യർ 6:4-5, 10)
അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത (2 കൊരിന്ത്യർ 11:27)
ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ എങ്ങനെ ഇരിക്കേണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിക്കറിയാം; തൃപ്തനായിരിക്കുന്നതിൻ്റെയും വിശന്നിരിക്കുന്നതിൻ്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിൻ്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും. എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി. (ഫിലിപ്പ്യർ 4:11-14)
സഭയിലെ ദരിദ്രരും ധനികരും
ഒന്നാമത്, നിങ്ങൾ സഭയായി ഒന്നിച്ചുകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്ന് ഞാൻ കേൾക്കുന്നു; അത് ഭാഗികമായി ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളിൽ യോഗ്യരായവരെ തിരിച്ചറിയേണ്ടതിന് നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യം. നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴം ഭക്ഷിക്കുവാനല്ല വരുന്നത്. എന്തെന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ അത്താഴം ആദ്യം കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു. തിന്നുവാനും കുടിക്കുവാനും നിങ്ങൾക്ക് വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ നിന്ദിക്കുകയും, ഇല്ലാത്തവരെ ലജ്ജിപ്പിക്കുകയും ചെയ്യുന്നുവോ? നിങ്ങളോട് എന്ത് പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല. (1 കൊരിന്ത്യർ 11:18-22)
ദരിദ്രർക്ക് കൊടുക്കൽ
ഭൂമി തിരികെ നൽകൽ
അമ്പതാം വർഷം നിങ്ങൾക്ക് യോബേൽ വർഷമായിരിക്കേണം; അതിൽ നിങ്ങൾ വിതയ്ക്കുകയോ തനിയെ മുളച്ചുവന്ന വിളവ് കൊയ്യുകയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കുകയോ ചെയ്യരുത്. അത് യോബേൽവർഷം ആകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കേണം; ആ വർഷത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നെ എടുത്തു ഭക്ഷിക്കേണം. ഇങ്ങനെയുള്ള യോബേൽ വർഷത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം. (ലേവ്യപുസ്തകം 25:11-13)
ദരിദ്രർ അടിമകളാകുന്നതിനെ സംബന്ധിച്ച നിയമങ്ങൾ
“‘നിന്റെ സഹോദരൻ ദരിദ്രനായിത്തീതീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്. കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം. പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവൻ മടങ്ങിപ്പോകേണം. അവർ മിസ്രയീമിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വില്ക്കരുത്. അവനോട് കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം. നിന്റെ അടിമകളായ പുരുഷന്മാരും സ്ത്രീകളും നിങ്ങൾക്ക് ചുറ്റുമുള്ള ജനതകളിൽനിന്ന് ആയിരിക്കേണം; അവരിൽനിന്ന് അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും വാങ്ങേണം. അപ്രകാരം നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടി ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്ക് അവകാശമായിരിക്കണം; നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളണം; അവർ എന്നും നിങ്ങൾക്ക് അടിമകളായിരിക്കണം; യിസ്രായേൽ മക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുത്. “‘നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു അന്യനോ പരദേശിക്കോ അന്യന്റെ സന്തതിക്കോ തന്നെത്താൻ വില്ക്കുകയും ചെയ്താൽ അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം. അവന്റെ പിതാവിന്റെ സഹോദരനോ പിതാവിന്റെ സഹോദരന്റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം. അടിമ തന്നെ വിറ്റ വർഷംമുതൽ യോബേൽവർഷംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കണം; അടിമയുടെ വില വർഷത്തിന്റെ സംഖ്യക്ക് ഒത്തവണ്ണം ആയിരിക്കേണം; അടിമ ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം ഉടമയുടെ അടുക്കൽ പാർക്കേണം. വർഷങ്ങൾ ഏറെയുണ്ടെങ്കിൽ അതിന് തക്കവണ്ണം ഉടമ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കണം. യോബേൽ വർഷംവരെ ശേഷിക്കുന്ന വർഷം കുറെ മാത്രം എങ്കിൽ ഉടമയുമായി കണക്കുകൂട്ടി വർഷങ്ങൾക്ക് ഒത്തവണ്ണം ഉടമ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കണം. അടിമ വര്ഷം തോറും കൂലിക്കാരൻ എന്നപോലെ ഉടമയുടെ അടുക്കൽ ഇരിക്കേണം; നീ കാൺകെ ഉടമ അവനോട് കാഠിന്യം പ്രവർത്തിക്കരുത്. ഇങ്ങനെ അടിമ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അടിമയും അവനോടുകൂടെ അവന്റെ മക്കളും യോബേൽ വർഷത്തിൽ പുറപ്പെട്ടുപോകണം. (ലേവ്യപുസ്തകം 25:39-54)
നിയമങ്ങൾ അനുസരിക്കാത്തത് ന്യായവിധിയിൽ കലാശിച്ചു
“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നാളിൽ അവരോട് ഒരു നിയമം ചെയ്തു: ‘തന്നെത്താൻ നിനക്കു വില്ക്കുകയും ആറു വർഷം നിന്നെ സേവിക്കുകയും ചെയ്ത എബ്രായസഹോദരനെ ഏഴാം വർഷത്തിൽ വിട്ടയയ്ക്കേണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്ന് വിട്ടയയ്ക്കേണം’ എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പൂര്വ്വ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ശ്രദ്ധിച്ചതുമില്ല. നിങ്ങളോ ഇന്ന് തിരിഞ്ഞ് ഓരോരുത്തൻ തന്റെ കൂട്ടുകാരനു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്ക് ഹിതമായത് പ്രവർത്തിച്ച്, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവച്ച് എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു. എങ്കിലും നിങ്ങൾ മനസ്സുമാറ്റി, എന്റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തൻ വിമോചനം കൊടുത്ത് അയച്ചിരുന്ന ദാസനെയും ദാസിയെയും തന്റെ ഇഷ്ടംപോലെ മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു. “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഓരോരുത്തൻ താന്താന്റെ സഹോദരനും കൂട്ടുകാരനും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവിധം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അത് വാളിനും മഹാമാരിക്കും ക്ഷാമത്തിനുമത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാട്.” (യിരെമ്യാവ് 34:13-17)
വിവിധം
ഒരുവനെ ദരിദ്രനാക്കുന്ന കാര്യങ്ങൾ
പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. (സദൃശവാക്യങ്ങൾ 13:18)
ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; നീ കണ്ണ് തുറക്കുക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും. (സദൃശവാക്യങ്ങൾ 20:13)
ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല. (സദൃശവാക്യങ്ങൾ 21:17)
നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. (സദൃശവാക്യങ്ങൾ 23:20-21)
ജനം പൂർണമായി അനുസരിച്ചിരുന്നെങ്കിൽ ദേശത്ത് ദരിദ്രർ ഉണ്ടാകുമായിരുന്നില്ല
”ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാവുകയില്ല; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും. (ആവർത്തനപുസ്തകം 15:4-5)
തോൽപ്പിക്കപ്പെട്ട ദേശത്ത് ദരിദ്രർ മാത്രം ശേഷിച്ചു
അവൻ യെരൂശലേം നിവാസികളെയും, പ്രഭുക്കന്മാരും പരാക്രമശാലികളുമായ പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് ദരിദ്രരായ ജനം മാത്രമല്ലാതെ ആരും ശേഷിച്ചില്ല. (2 രാജാക്കന്മാർ 24:14)
എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി. (2 രാജാക്കന്മാർ 25:12)
ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്ക് അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു. (യിരെമ്യാവ് 39:10)
ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ, (യിരെമ്യാവ് 40:7)
ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി. (യിരെമ്യാവ് 52:15)